'കോടതി തീരുമാനിക്കട്ടെ, സത്യം ജയിക്കും, പാലക്കാട് തന്നെ ഉണ്ടാവും': രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലുള്ള സെൻ്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് അദ്ദേഹം വോട്ട് ചെയ്ത് മടങ്ങിയത്
പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ കനത്ത പ്രതിഷേധങ്ങൾക്കും കൂവലിനുമിടയിൽ പാലക്കാട് വോട്ട് രേഖപ്പെടുത്തി. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലുള്ള സെൻ്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് അദ്ദേഹം വോട്ട് ചെയ്ത് മടങ്ങിയത്. വോട്ടെടുപ്പിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് പ്രതികരിച്ചു.
"തനിക്കെതിരേ പറഞ്ഞ കാര്യങ്ങളും തനിക്ക് അനുകൂലമായി പറഞ്ഞ കാര്യങ്ങളും കോടതിയുടെ മുൻപാകെ ഉണ്ട്. കോടതി തീരുമാനിക്കട്ടെ," എന്ന് അദ്ദേഹം പ്രതികരിച്ചു. "തനിക്ക് പറയാനുള്ളതെല്ലാം കോടതിയിൽ പറയും, സത്യം ജയിക്കും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ജനാധിപത്യ രാജ്യമായതുകൊണ്ട് തനിക്കെതിരെയുള്ള കാര്യങ്ങളും കോടതിയിൽ പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇതിനപ്പുറം ഒന്നും പറയാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും' അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഒളിവിലായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. "പാലക്കാട് തന്നെ ഉണ്ടാവും, വരും ദിവസങ്ങളിൽ അത് മനസ്സിലാവും," എന്ന് മാത്രം അദ്ദേഹം മറുപടി പറഞ്ഞു.
ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ ഒന്നിൽ മുൻകൂർ ജാമ്യം ലഭിക്കുകയും മറ്റൊന്നിൽ അറസ്റ്റ് തടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. അദ്ദേഹത്തെ സി.പി.എം. പ്രവർത്തകർ കൂവലുകളോടെയും പരിഹാസ ശരങ്ങളോടെയുമാണ് എതിരേറ്റത്.
What's Your Reaction?