തൃശൂരിലെ സുരേഷ് ഗോപിയുടെ ഓഫിസിന് സുരക്ഷ, പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു

സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്

Aug 10, 2025 - 21:58
Aug 10, 2025 - 21:59
 0
തൃശൂരിലെ സുരേഷ് ഗോപിയുടെ ഓഫിസിന് സുരക്ഷ, പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു

തൃശൂ‍ർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എം.പി. ഓഫിസിന് കനത്ത പോലീസ് സുരക്ഷ. ഓഫിസിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോൺഗ്രസും എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാറും രംഗത്തെത്തിയിരുന്നു. തൃശൂർ ലോക്സ‌ഭാ മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തെന്നാണ് ഇരു മുന്നണികളും ആരോപിച്ചത്. 

വിജയിച്ച സ്ഥാനാർഥി സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ‍ ചേർത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു. എന്നാൽ, ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ ഇവരുടെ പേരുകളില്ല. ഇവർ സ്ഥിരതാമസക്കാരല്ല എന്നതിന്‍റെ തെളിവാണിതെന്നും ടാജറ്റ് ആരോപിച്ചിരുന്നു.

അതിനിടെ, സുരേഷ് ഗോപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്‌.യു. തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം സുരേഷ്ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow