കുളത്തില്‍ കുളിച്ചത് രണ്ടാഴ്ച മുന്‍പ്, സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്‍പതുകാരിയ്ക്ക് ദാരുണാന്ത്യം
വെള്ളത്തിൽ ഒഴുക്ക് നിന്നാൽ കുളിക്കരുതെന്ന് പറഞ്ഞ് കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നും സമീപവാസി പറഞ്ഞു

താമരശ്ശേരി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു ജീവൻ കൂടി പൊലിഞ്ഞു. താമരശ്ശേരി ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയയാണ് (9) മസ്തിഷ്ക രോഗം ബാധിച്ച് വ്യാഴാഴ്ച മരിച്ചത്. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചത്. വീടിനടുത്തുള്ള കുളത്തിൽ നിന്ന് കുട്ടി കുളിക്കാറുണ്ടായിരുന്നെന്ന് സമീപവാസി പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് കുളത്തിൽ വന്ന് കുളിച്ചതെന്നും അവർ പറഞ്ഞു.
വെള്ളത്തിൽ ഒഴുക്ക് നിന്നാൽ കുളിക്കരുതെന്ന് പറഞ്ഞ് കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നും സമീപവാസി പറഞ്ഞു. സമീപത്തുള്ളവരെല്ലാം കുളിക്കുന്ന സ്ഥലമാണ്. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റും വരാറുണ്ട്. മഴക്കാലത്ത് മാത്രം വെള്ളം നിൽക്കുന്ന കുളമാണിതെന്നും അവർ വ്യക്തമാക്കി.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
What's Your Reaction?






