സൂരജ് വധക്കേസ്: എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി 

സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.

Mar 24, 2025 - 12:19
Mar 24, 2025 - 12:20
 0  13
സൂരജ് വധക്കേസ്: എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി 

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രണ്ടു മുതൽ ഒന്‍പത് വരെ പ്രതികൾക്കാണ് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ടി.കെ.രജീഷ്, എൻ.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം. മനോരാജ്, സജീവൻ എന്നീ അഞ്ച് പേരെയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് തെളിഞ്ഞതിനെത്തുടർന്ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. ഇവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത കുറ്റത്തിന് സി.പി.എം. പ്രാദേശിക നേതാക്കളായ പ്രഭാകരൻ, കെ.വി.പത്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് അറിഞ്ഞിട്ടും ഒളിവിൽ പാർക്കാൻ അവസരം ഒരുക്കിയ പ്രദീപന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. 

2 മുതൽ 6 വരെ പ്രതികൾക്ക് ആയുധ നിരോധന നിയമപ്രകാരം 2 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ മരിച്ച സൂരജിന്റെ കുടുംബത്തിന് നൽകണമെന്നാണ് കോടതി നിർദേശം. പത്താം പ്രതിയെ വെറുതെവിട്ടു. പത്തായക്കുന്ന് കാരായിന്റവിട ടി.കെ.രജീഷ് (45), കാവുംഭാഗം പുതിയേടത്ത് എൻ.വി.യോഗേഷ് (45), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കെ.ഷംജിത്ത് എന്ന ജിത്തു, കൂത്തുപറമ്പ് നരവൂർ പി.എം.മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റവളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട വി.പ്രഭാകരൻ (65), പുതുശ്ശേരി വീട്ടിൽ കെ.വി.പത്മനാഭൻ (67), മന്ദമ്പേത്ത് രാധാകൃഷ്ണൻ (60), എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശൻ (56) എന്നിവർ കുറ്റക്കാരാണെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ ടി.കെ. രജീഷ്, ടിപി വധക്കേസിലെ പ്രതിയും പി.എം.മനോരാജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ സഹോദരനുമാണ്.

ഒന്നാം പ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പി.കെ.ഷംസുദീൻ, 12–ാം പ്രതി മക്രേരി കിലാലൂർ ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കു മുൻപ് മരിച്ചിരുന്നു. സി.പി.എം. വിട്ട് ബി.ജെ.പി.യിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. 2005 ഓഗസ്റ്റ് 7ന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow