ശബരിമലയില്‍ ഇന്ന് ദര്‍ശനം നടത്തിയത് 75,463 ഭക്തര്‍
സ്പോട്ട് ബുക്കിങ് വഴിയും ഇന്ന് ഏഴായിരത്തിന് മുകളിൽ ആളുകൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് (വൈകിട്ട് ആറ് മണി വരെ) 75,463 ഭക്തരാണ് സന്നിധാനത്ത് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ് വഴിയും ഇന്ന് ഏഴായിരത്തിന് മുകളിൽ ആളുകൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്.
തിരക്കിനനുസരിച്ച് പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നും ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മലകയറാൻ അനുവദിക്കുന്നത്. എത്തുന്നവർക്കെല്ലാം സുഗമമായ ദർശനം ലഭിക്കുന്നത് വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ഇന്നലെ ഒരു ലക്ഷത്തിന് മുകളിൽ ഭക്തർ സന്നിധാനത്ത് എത്തിയിരുന്നു. എന്നാൽ, ഏഴ് ജില്ലകളിൽ നടന്ന വോട്ടെടുപ്പ് ഇന്ന് എത്തിയ ഭക്തരുടെ എണ്ണത്തെ ഭാഗികമായി ബാധിച്ചിട്ടുണ്ട് എന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.
സത്രം, പുല്ലുമേട് വഴിയുള്ള ഭക്തരുടെ പ്രവേശനത്തിന് ഇന്ന് മുതൽ സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മണി മുതൽ പകൽ 12 വരെ മാത്രമായിരിക്കും ഇനി ഈ വഴി പ്രവേശനം അനുവദിക്കൂ. നേരത്തെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ഇതുവഴി ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഒരു മണിക്ക് യാത്ര ആരംഭിക്കുന്നവർ സന്നിധാനത്ത് എത്താൻ വൈകുന്നത് പരിഗണിച്ചാണ് ഈ സമയം മാറ്റം വരുത്തിയത്.
What's Your Reaction?