മന്ത്രി സ്വന്തം വകുപ്പിൽ നിന്ന് ₹99.6 ലക്ഷം സബ്‌സിഡി വാങ്ങി; കേന്ദ്ര സഹമന്ത്രിക്കെതിരെ വിവാദം
ന്യൂഡൽഹി: കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ഭഗീരഥ് ചൗധരി സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് 99.6 ലക്ഷം രൂപ സബ്‌സിഡി നേടിയ സംഭവം വിവാദമായി. രാജസ്ഥാനിലെ ഫാം ഹൗസിൽ വൻതോതിൽ വെള്ളരി കൃഷി നടത്തുന്നതിനായാണ് ഈ ആനുകൂല്യം ലഭിച്ചത്.
മന്ത്രി ഉപാധ്യക്ഷനായ നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ പദ്ധതിയിലൂടെയാണ് സബ്‌സിഡി അനുവദിച്ചത്. രാജസ്ഥാനിലെ ദീദ്‌വാന-കുച്ചമാൻ ജില്ലയിലെ പീഹ് ഗ്രാമത്തിലെ ഫാം ഹൗസിൽ ഏകദേശം നാല് ഏക്കർ (16,592 ചതുരശ്ര മീറ്റർ) സ്ഥലത്താണ് വെള്ളരി കൃഷി നടത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് 1.99 കോടി രൂപയാണ്. ഇതിനായി എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 1.49 കോടി രൂപ വായ്പയെടുത്തിരുന്നു. സബ്‌സിഡി തുക വായ്പാ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തത്.
2025 ഏപ്രിൽ 15-ന് സമർപ്പിച്ച അപേക്ഷയ്ക്ക് വെറും 14 ദിവസത്തിനകം തത്വത്തിൽ അംഗീകാരം ലഭിച്ചു. തുടർന്ന് 2026 മാർച്ചോടെ സബ്‌സിഡി തുകയും അനുവദിച്ചു. 2014-15ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി, പൂക്കൾ തുടങ്ങിയവയുടെ കൃഷിക്ക് പദ്ധതി ചെലവിന്റെ പരമാവധി 50 ശതമാനമോ, ഒരു കുടുംബത്തിന് പരമാവധി ഒരു കോടി രൂപ വരെയോ സബ്‌സിഡി ലഭിക്കും.
പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത് മന്ത്രിയോ സഹമന്ത്രിയോ അംഗങ്ങളല്ലാത്ത പ്രത്യേക സമിതിയാണെങ്കിലും, ബോർഡിന്റെ മേൽനോട്ടം വഹിക്കുന്ന ഉന്നത പദവിയിലുള്ള മന്ത്രി തന്നെ ഗുണഭോക്താവായതിനെതിരെ വിമർശനം ശക്തമാണ്. അപേക്ഷ നൽകിയ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ആസ്തിവിവരങ്ങളിൽ ഈ പദ്ധതിയെയോ ലഭിക്കാനിരുന്ന സബ്‌സിഡിയെയോ പരാമർശിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
2018-ൽ മന്ത്രിയും മകനും ഇതേ പദ്ധതിക്കായി നൽകിയ അപേക്ഷകൾ ബോർഡ് തള്ളിയിരുന്നു. എന്നാൽ കൃഷി സഹമന്ത്രിയായ ശേഷം നൽകിയ അപേക്ഷ അതിവേഗം അംഗീകരിക്കപ്പെട്ടതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സംഭവം പുറത്തുവന്നതോടെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തി. സാധാരണ കർഷകർ മാസങ്ങളോളം കാത്തിരിക്കുമ്പോൾ മന്ത്രിക്ക് ദിവസങ്ങൾക്കകം അനുമതി ലഭിച്ചതിനെ പൊതുപണത്തിന്റെ ദുരുപയോഗമെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം, മന്ത്രി ഒരു കർഷകനാണെന്നും എല്ലാ നിയമനടപടികളും പാലിച്ചാണ് സബ്‌സിഡിക്ക് അപേക്ഷിച്ചതെന്നും മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സർക്കാരിനെ അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫിസും അറിയിച്ചു.
What's Your Reaction?



