അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
ചീരക്കടവ് വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ (elephant attack) പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിനും സാരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചീരക്കടവ് വനമേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം. ഉടന്‍ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ഗുരുതര പരിക്കിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മല്ലന്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഏഴരമണിയോടെയാണ് മരിച്ചത്.
കാട്ടാന തുമ്പിക്കൈ കൊണ്ട് എറിഞ്ഞാണ് മല്ലന് ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു പരിക്കേറ്റത്. വീടിനോട് ചേര്‍ന്നുള്ള വനമേഖലയിലേക്ക് പശുവുമായി മല്ലന്‍ പോയതിന് പിന്നാലെയാണ് ആനയുടെ ആക്രമണം ഉണ്ടായത് ഗുരുതരമായി പരിക്കേറ്റ മല്ലനെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്.
What's Your Reaction?






