കൊല്ലത്ത് സ്വകാര്യ സ്‌കൂളിൽ വൻ ഭക്ഷ്യവിഷബാധ; മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ, വില്ലനായത് പാറമടയിലെ കുടിവെള്ളമെന്ന് ആരോപണം!
കൊല്ലം: ജില്ലയിലെ ഏഴാംമൈലിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്‌കൂളിൽ വൻ ഭക്ഷ്യവിഷബാധ. മുപ്പതിലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് കുട്ടികൾക്ക് കൂട്ടത്തോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മുഴുവൻ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂളിലെ കുടിവെള്ള പമ്പ് തകരാറിലായതിനെ തുടർന്ന് കുട്ടികൾക്ക് ഉപയോഗിക്കാൻ പുറത്തുനിന്ന് കുടിവെള്ളം എത്തിക്കാൻ ഒരു കരാറുകാരനെ ചുമതലപ്പെടുത്തിയിരുന്നു. ഈ കരാറുകാരൻ സ്‌കൂളിൽ എത്തിച്ചുനൽകിയ വെള്ളം കുടിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കരാറുകാരൻ കുട്ടികൾക്ക് കുടിക്കാൻ നൽകിയത് സമീപത്തെ പാറമടയിൽ നിന്നുള്ള മലിനമായ വെള്ളമാണെന്ന് പ്രദേശവാസികളും രക്ഷിതാക്കളും ശക്തമായ ആരോപണം ഉന്നയിക്കുന്നുണ്ട്. സംഭവം വൻ വിവാദമായതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്‌കൂളിൽ വിതരണം ചെയ്ത വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ച് അടിയന്തര പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്ന ശേഷമായിരിക്കും കരാറുകാരനെതിരെ ഉൾപ്പെടെയുള്ള കർശന നിയമനടപടികളിലേക്ക് അധികൃതർ കടക്കുക.
What's Your Reaction?



