പാരിയത്തുകാവ് പട്ടികജാതി കോളനിയിൽ സംഘർഷാവസ്ഥ; അധികൃതരുടെ കുടിയൊഴിപ്പിക്കൽ നടപടി നാട്ടുകാർ തടഞ്ഞു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധത്തിൽ
കൊച്ചി : എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതി കോളനിയിൽ വൻ പ്രതിഷേധത്തിനിടയാക്കി വീണ്ടും കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. കോടതി ഉത്തരവിനെ തുടർന്ന് അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് നിലവിൽ ഒഴിപ്പിക്കൽ പ്രക്രിയകൾ പുരോഗമിക്കുന്നത്. മുൻപും പലതവണ ഇവിടെ കുടിയൊഴിപ്പിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. എന്നാൽ ഇത്തവണ എന്തുവന്നാലും ഒഴിപ്പിക്കലുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്. ക്രമസമാധാന നില ഉറപ്പാക്കാൻ എസ്പിയും തഹസിൽദാറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തും. ഒരു സ്വകാര്യ വ്യക്തി ഭൂമിയിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചതോടെയാണ് കേസിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് തിരിച്ചടിയായ വിധി ഉണ്ടായത്. എന്നാൽ തങ്ങൾ താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നാണ് ഇവിടെയുള്ള കുടുംബങ്ങളുടെ വാദം.
അതേസമയം, കുടിയൊഴിപ്പിക്കൽ നടപടി തടയാൻ സിപിഐഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സമരപ്പന്തൽ കെട്ടി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനായി പോലീസ് നിലവിൽ സിപിഐഎം ഏരിയാ സെക്രട്ടറിയുമായി ചർച്ചകൾ നടത്തിവരികയാണ്.
What's Your Reaction?



