അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ തകരാർ കാരണമായോ? നിർണായക പരിശോധന
വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ വിമാനത്തിന്റെ വാൽഭാഗം സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ തകരാർ കാരണമായോയെന്ന് കണ്ടെത്താന്‍ നിർണായക പരിശോധന. വിമാനത്തിന്റെ അവശിഷ്ടങ്ങളിലാണ് പരിശോധന നടത്തുക. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ വിമാനത്തിന്റെ വാൽഭാഗം സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ടേക്ക് ഓഫിനായി നീങ്ങുമ്പോൾ വിമാനത്തിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാർ മൂലമാണോ വാൽഭാഗത്ത് തീപിടിത്തമുണ്ടായത്, അതോ അപകടത്തിന് ശേഷമുണ്ടായ തീപിടിത്തം മാത്രമായിരുന്നോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. വിമാനം പറന്നുയരുന്നതിന് മുന്‍പ് വൈദ്യുത തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ ഫ്ലൈറ്റ് സെൻസറുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും അതിന്റെ ഫലമായി ഇന്ധന വിതരണം നിർത്താൻ വിമാനത്തിന്റെ എഞ്ചിൻ കൺട്രോൾ യൂണിറ്റിന് (ECU) തെറ്റായ സന്ദേശം നൽകുകയും ചെയ്യാൻ സാധ്യതയുണ്ട്.
വിമാനത്തിന്റെ വാല്‍ഭാഗത്ത് എന്തൊ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പൈലറ്റ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് ശേഷം ടെക്‌നിക്കല്‍ ലോഗ് ബുക്കില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഈ പ്രശ്‌നം പരിഹരിച്ച് ക്ലിയറന്‍സ് കൊടുത്തതിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്.
What's Your Reaction?






