അമേരിക്കയിലെ താമസസ്ഥലത്ത് ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സാസിൽ താമസസ്ഥലത്ത് ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യർലാഗഡ്ഡ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് രാജ്യലക്ഷ്മിയെ ഒപ്പം താമസിക്കുന്നവർ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. മൂന്ന് ദിവസം മുമ്പ് വീട്ടിലേക്ക് വിളിച്ചപ്പോൾ ഈ വിവരങ്ങൾ പറഞ്ഞിരുന്നു. വിദ്യാർഥിനിയുടെ മരണകാരണം എന്താണെന്നതിൽ ഇതുവരെ വ്യക്തതയില്ല.
ടെക്സാസിലെ എ ആൻഡ് എം യൂണിവേഴ്സിറ്റിയിൽ എംഎസ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്നു രാജ്യലക്ഷ്മി. ആന്ധ്രയിലെ ഒരു കർഷക കുടുംബാംഗമാണ്. 2023-ലാണ് വിജയവാഡയിലെ കോളേജിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. യുഎസിലെ പഠനം പൂർത്തിയാക്കി മികച്ച ജോലിയിൽ പ്രവേശിച്ച് കുടുംബത്തിന് താങ്ങാകാനായിരുന്നു രാജ്യലക്ഷ്മിയുടെ ആഗ്രഹം.
അടുത്തിടെ കോഴ്സ് പൂർത്തിയാക്കിയ ശേഷം യുഎസിൽ തന്നെ ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. രാജ്യലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണംപോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും വിദ്യാർഥിനിയുടെ വിദ്യാഭ്യാസ വായ്പാ ബാധ്യതകൾ തീർക്കുന്നതിനും വേണ്ടി ബന്ധുവായ ചൈതന്യയുടെ നേതൃത്വത്തിൽ 'ഗോഫണ്ട്മീ' കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?

