ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ഒന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു

Nov 10, 2025 - 20:19
Nov 10, 2025 - 20:19
 0
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ഒന്‍പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് വിവരം. റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. 

സ്ഫോടന ശബ്ദം കേട്ട ഉടൻ ആളുകൾ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. കാറിനു സമീപമുണ്ടായിരുന്ന പലർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എൽ.എൻ.ജി.പി ആശുപത്രിയിലേക്കാണ് മാറ്റിയത്. ബോംബ് സ്ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി ഫോണിൽ സംസാരിച്ചു. 

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷ സേനകൾ നോക്കിക്കാണുന്നത്. നിരവധി വിനോദ സഞ്ചാരികൾ വരുന്ന മേഖലയാണിത്. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കും സമീപമാണ്. 

ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്. ചെങ്കോട്ടയ്ക്കു സമീപം ഒരു സിഖ് സംഘടനയുടെ പരിപാടി നാളെ നടക്കാനാരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള പന്തൽ അടക്കം കെട്ടിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow