ട്രോഫി വേണമെങ്കില്‍ ഇന്ത്യന്‍ കാപ്റ്റന്‍ നേരിട്ട് വന്ന് വാങ്ങണമെന്ന് നഖ്‌വി
ഫൈനലിന് ശേഷം ട്രോഫിയുമായി നഖ്‌വിയുടെ നേതൃത്വത്തിലുള്ള എസിസി സംഘം മടങ്ങിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ഇസ്ലാമാബാദ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യ ട്രോഫി നേരിട്ട് ഓഫീസിൽ വന്ന് വാങ്ങണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവി മൊഹ്സിൻ നഖ്‌വി. ഫൈനലിന് ശേഷം ട്രോഫിയുമായി നഖ്‌വിയുടെ നേതൃത്വത്തിലുള്ള എ.സി.സി സംഘം മടങ്ങിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ട്രോഫി കൈമാറണമെന്ന ബി.സി.സി.ഐയുടെ ആവശ്യം നഖ്‌വി നിരാകരിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫൈനൽ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച, ദുബായിൽ നഖ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന എസിസി യോഗത്തിലാണ് ഈ വിഷയം ഉയർന്നുവന്നത്.
ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ട്രോഫി കൈമാറുന്നതിനായി യോഗത്തിൽ സമ്മർദ്ദം ചെലുത്തി. എന്നാൽ, ഈ വിഷയം യോഗത്തിൻ്റെ അജണ്ടയിൽ ഇല്ലായിരുന്നുവെന്ന് മൊഹ്സിൻ നഖ്‌വി പ്രതികരിച്ചു. ശുക്ല കൂടുതൽ നിർബന്ധിച്ചപ്പോൾ, ഇന്ത്യൻ ടീമിന് ട്രോഫി വേണമെങ്കിൽ, കാപ്റ്റൻ നേരിട്ട് എ.സി.സി ഓഫീസിൽ വന്ന് സ്വീകരിക്കണം എന്ന് അദ്ദേഹം ശഠിച്ചു.
ട്രോഫി ഇന്ത്യൻ ടീമിന് കൈമാറുന്ന കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പാകിസ്ഥാൻ മാധ്യമ ചാനലായ ജിയോ സൂപ്പർ റിപ്പോർട്ട് ചെയ്തു. യോഗത്തിൽ വെർച്വലായി പങ്കെടുത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥർ നഖ്‌വിയുടെ നിലപാടിനോട് രൂക്ഷമായി പ്രതികരിക്കുകയും ട്രോഫി ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ആസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
What's Your Reaction?






