ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനം: ഭൂമി കണ്ടെത്തുക ലാൻഡ് പൂളിങ്ങിലൂടെ

ലാന്‍ഡ് പൂളിങ്ങിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് ഇന്‍ഫോപാര്‍ക്ക് ജി.സി.ഡി.എ.യ്ക്ക് നല്‍കും

Oct 1, 2025 - 16:49
Oct 1, 2025 - 16:49
 0
ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനം: ഭൂമി കണ്ടെത്തുക ലാൻഡ് പൂളിങ്ങിലൂടെ
കൊച്ചി: 300 ഏക്കറിലധികം വിസ്തൃതിയിൽ വിഭാവനം ചെയ്തിട്ടുള്ള ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിന് ലാൻഡ് പൂളിങ്ങിലൂടെ സ്ഥലം കണ്ടെത്തുമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻ്റ് അതോറിറ്റി (ജി.സി.ഡി.എ) ചെയർമാൻ കെ ചന്ദ്രൻ പിള്ള പറഞ്ഞു. ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനവുമായി ബന്ധപ്പെട്ട് പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അന്താരാഷ്ട്ര നിലവാരത്തിൽ സമ്പൂർണ നിർമ്മിതബുദ്ധി (എ.ഐ) അധിഷ്‌ഠിതമായ ഐ.ടി നഗരമായാണ് ഇൻഫോപാർക്ക് ഫേസ് - 3 വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടുലക്ഷം തൊഴിലവസരങ്ങളാണ് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി പുതുതായി സൃഷ്ടിക്കപ്പെടുന്നത്. 20 ദശലക്ഷം ചതുരശ്രയടി വിസ്‌തൃതിയിലാകും ഐ.ടി മന്ദിരങ്ങൾ നിർമ്മിക്കുക - ജി.സി.ഡി.എ ചെയർമാൻ പറഞ്ഞു.
 
 കേരള സർക്കാരിന്റെ പുതിയ ലാൻഡ് പൂളിങ്ങ് നിയമപ്രകാരം നടപ്പാക്കുന്ന പദ്ധതിക്ക് ജി.സി.ഡി.എ യും ഇൻഫോപാർക്കും ഒരുമിച്ചാണ് നേതൃത്വം നൽകുക. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ ഇൻഫോപാർക്കും ജി.സി.ഡി.എ-യും സെപ്റ്റംബർ 29 ന് ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം ഒപ്പിട്ടിരുന്നു. 
 
ഇൻഫോപാർക്ക് ഫേസ് 3-ക്ക് വേണ്ടി ലാൻഡ് പൂളിങ്ങിലൂടെ ഭൂമി കണ്ടെത്തേണ്ടത് ജി.സി.ഡി.എ-യുടെ ചുമതലയാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ഇന്‍ഫോപാര്‍ക്കിന്റെ കടമയാണ് എന്ന് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ അറിയിച്ചു. 
 
ജി.സി.ഡി.എ.യുമായി ഇൻഫോപാർക്ക് ധാരണാപത്രം ഒപ്പിടുന്നത് ലാൻഡ് പൂളിങ്ങ് പദ്ധതിയുടെ ആദ്യ ഘട്ടമാണ്. ഇതിനുശേഷം സാധ്യതാ പഠനം, പ്രാഥമിക സർവേകൾ, മാസ്റ്റർ പ്ലാൻ, വിശദമായ പദ്ധതി റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കും. ജി.സി.ഡി.എ. ലാൻഡ് പൂളിങ്ങ് പ്രക്രിയക്ക് നേതൃത്വം നൽകുമെങ്കിലും പദ്ധതിയുടെ ഉടമസ്ഥത ഇൻഫോപാർക്കിനായിരിക്കും. ലാൻഡ് പൂളിങ്ങ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ഒരു വർഷത്തിനുള്ളിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ലാന്‍ഡ് പൂളിങ്ങിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് ഇന്‍ഫോപാര്‍ക്ക് ജി.സി.ഡി.എ.യ്ക്ക് നല്‍കും - ഇൻഫോപാർക്ക് സി. ഇ. ഒ പറഞ്ഞു.
 
പരമ്പരാഗത ഭൂമി ഏറ്റെടുക്കൽ രീതികളിലെ കാലതാമസവും നിയമപ്രശ്നങ്ങളും ഒഴിവാക്കി, വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന പുതിയ സമീപനമാണ് ലാൻഡ് പൂളിങ്ങ്. 
 
ഇതിലൂടെ, ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് പകരം, സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ തുണ്ട് ഭൂമികൾ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റുന്നു. ഈ ഭൂമിയിൽ റോഡുകൾ, ഐ.ടി. പാർക്കുകൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ആസൂത്രിതമായ വികസനം നടത്തുന്നു. ഈ വികസിപ്പിച്ച ഭൂമിയുടെ ഒരു ഭാഗം അടിസ്ഥാന സൗകര്യങ്ങൾക്കായി ഉപയോഗിച്ച ശേഷം, ബാക്കിയുള്ള ഭാഗം ഭൂമിയുടെ മൂല്യവർദ്ധനയോടെ ഉടമകൾക്ക് തിരികെ നൽകുന്നു. 
 
കൊച്ചിയുടെ അതിവേഗ വളർച്ചയും നിലവിലുള്ള ഇൻഫോപാർക്ക് കാമ്പസുകളിലെ സ്ഥലപരിമിതിയും കണക്കിലെടുത്താണ് ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിന് രൂപം നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow