കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
കൂട്ടവകാശം ഇല്ലാതെ ഭാഗപത്രം എഴുതി ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത് വഴി സർക്കാരിന് 22,66,031/- രൂപയുടെ നഷ്ടം സംഭവിച്ചതായും, ചട്ടപ്രകാരം അല്ലാതെ ഇത്തരത്തിൽ ഭാഗപത്രം എഴുതി രജിസ്റ്റർ ചെയ്യാൻ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ചില ഉദ്യോഗസ്ഥർ കൂട്ടു നിന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

കഴക്കൂട്ടം: ഫ്ലാറ്റ്, ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്ന് രാവിലെ 11.00 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് 04.00 ന് അവസാനിച്ചു
തലസ്ഥാനത്തെ മ്യുസിയം-നന്ദാവനം റോഡിൽ പുതുതായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ഛയത്തിലെ 4 ഫ്ലാറ്റുകളും ഈ ഫ്ലാറ്റ് സമുച്ഛയം സ്ഥിതി ചെയ്യുന്ന വസതുവും ഉടമകളുടെ പേരിൽ ഭാഗപത്ര പ്രകാരം വീതിച്ച് രജിസ്റ്റർ ചെയ്തിരുന്നു. കൂട്ടവകാശം ഇല്ലാതെ ഭാഗപത്രം എഴുതി ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത് വഴി സർക്കാരിന് 22,66,031/- രൂപയുടെ നഷ്ടം സംഭവിച്ചതായും, ചട്ടപ്രകാരം അല്ലാതെ ഇത്തരത്തിൽ ഭാഗപത്രം എഴുതി രജിസ്റ്റർ ചെയ്യാൻ കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലെ ചില ഉദ്യോഗസ്ഥർ കൂട്ടു നിന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
കൂടാതെ പരിശോധനയിൽ കണക്കിൽ പെടാത്ത 2,550 രൂപയും വിജിലൻസ് കണ്ടെത്തി. സ്വകാര്യ ഫ്ലാറ്റ് കമ്പനിയിൽ നിന്നും 5 അപ്പാർട്ട്മെന്റുകൾ ഒരു ശതമാനം മാത്രം നികുതി വാങ്ങി രജിസ്റ്റർ ചെയ്തതായും കണ്ടെത്തി. ഫെബ്രുവരി മാസത്തിലാണ് 5 രജിസ്ട്രേഷനും നടന്നിട്ടുള്ളത്.
സബ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചപ്പോൾ ജൂനിയർ സൂപ്രണ്ട് മനുവിനായിരുന്നു ചാർജ് നൽകിയിരുന്നത്. സബ് രജിസ്റ്റർ അവധിയിൽ ആയതിനാൽ അഞ്ച് രജിസ്ട്രേഷനും അർഹത ഇല്ലാഞ്ഞിട്ടും ഭാഗപത്രം എന്ന നിലയിൽ ഒരു ശതമാനം മാത്രം നികുതി വാങ്ങി ജൂനിയർ സൂപ്രണ്ട് മനു പതിച്ചു നൽകിയെന്നാണ് ആരോപണം.
കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാൻ കഴിയൂ എന്ന് വിജിലൻസ് ഡി.വൈ.എസ്.പി ദിലീപ് കുമാർ ദാസ് പറഞ്ഞു.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. വിജിലൻസ് ഡി.വൈ.എസ്പി ദിലീപ് കുമാർ ദാസിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് ടീമാണ് പരിശോധന നടത്തിയത്.
What's Your Reaction?






