സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 6,320 രൂപ, ആശ്വാസത്തിൽ സാധാരണക്കാർ
പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി
തുടർച്ചയായ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് വില താഴുന്നത്. നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതുമാണ് വില കുറയാൻ പ്രധാന കാരണമായത്.
പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി. ആഗോള വിപണിയിൽ സ്വർണവില താഴ്ന്നത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതിനെത്തുടർന്ന് ഡോളർ മൂല്യം വർദ്ധിച്ചത് സ്വർണത്തിനും വെള്ളിക്കും തിരിച്ചടിയായി.
വില ഉയർന്ന സാഹചര്യത്തിൽ വൻകിട നിക്ഷേപകർ സ്വർണം വിറ്റഴിച്ച് ലാഭം കൊയ്യാൻ തുടങ്ങിയത് വിപണിയിൽ ലഭ്യത കൂട്ടി. വില കുറഞ്ഞതോടെ സ്വർണത്തിൽ വീണ്ടും നിക്ഷേപം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ ആശ്വാസം താൽക്കാലികമായിരിക്കാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷം എന്നിവ സ്വർണത്തെ ഇപ്പോഴും സുരക്ഷിത നിക്ഷേപമായി നിലനിർത്തുന്നു. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിസംബർ 23-ന് സ്വർണവില ഒരു ലക്ഷം കടന്നതോടെ സാധാരണക്കാർ ആഭരണങ്ങൾ വാങ്ങാൻ മടിക്കുന്ന സാഹചര്യമാണ്. സ്വർണത്തിന് പകരം ബദൽ മാർഗ്ഗങ്ങൾ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
What's Your Reaction?

