ഇന്ന് ചെറിയ പെരുന്നാൾ

ലഹരിവിരുദ്ധ സന്ദേശവുമായി ഈദ് ​ഗാഹുകൾ

Mar 31, 2025 - 09:28
Mar 31, 2025 - 10:09
 0  13
ഇന്ന്  ചെറിയ പെരുന്നാൾ

കോഴിക്കോട് ∙ ഇസ്‌ലാം മതവിശ്വസികൾക്ക് ഇന്ന് ഈദുൽ ഫിത്ർ. വ്രതവിശുദ്ധിയുടെ നിറവിൽ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനമാണ് ചെറിയ പെരുന്നാൾ.

പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ് ഗാഹുകളിൽ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്നാൾ കൊണ്ടാടുന്നു. 

ജീവിതയാത്രയിൽ സംഭവിച്ച പാപങ്ങൾ കഴുകിക്കളയാനും സർവശക്തന്റെ പ്രീതി കരസ്ഥമാക്കാനും വിശ്വാസികൾ റമസാനിന്റെ പകലിരവുകളിൽ നോമ്പുനോറ്റ് ഹൃദയമുരുകി പ്രാർഥിച്ചു.

രാവിലെ ഏഴു മണി മുതൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി. സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് പലയിടത്തും സംയുക്തമായാണ് പെരുന്നാൾ നമസ്കാരം നടത്തിയത്. 

കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം, പെരുമണ്ണ സിൻസിയർ ഫുട്ബോൾ ടർഫ്, എരഞ്ഞിക്കൽ കാട്ടുകുളങ്ങര കാച്ചിലാട്ട് സ്കൂൾ ഗ്രൗണ്ട്, പുറക്കാട്ടിരി ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ട്, മെഡിക്കൽ കോളജ് റഹ്മാനിയ സ്കൂൾ ഗ്രൗണ്ട്, വെള്ളിമാടുകുന്ന് സലഫി മസ്ജിദ്, നടക്കാവ് ജില്ലാ മസ്ജിദ്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവൻഷൻ സെന്റർ, ബേപ്പൂർ മെയിൻ റോഡ് ടർഫ് ഗ്രൗണ്ട്, കോഴിക്കോട് മർകസ് കോംപ്ലക്സ് മസ്ജിദ്, കാരപ്പറമ്പ് ജുമഅത്ത് പള്ളി എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തി.

കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുകയും ആശംസകൾ കൈമാറുകയും ചെയ്തത്.

കെഎൻഎം സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. രണ്ടായിരത്തിലേറെ ഈദ് ഗാഹുകളിലായി സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. പെരുന്നാൾ ഖുതുബകളിലും ലഹരിക്കെതിരായി സമൂഹത്തിന്റെ ജാഗ്രത വേണമെന്ന ബോധവത്കരണവുമുണ്ടായി.

What's Your Reaction?

like

dislike

love

funny

angry

sad

wow