അവസാനനിമിഷം കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവെച്ചു; തീരുമാനം കോണ്‍സുലേറ്റിന്‍റെ ഇടപെടലില്‍

നേരത്തെ കോടതി വിധി പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷ് മോഹന് കൈമാറിയിരുന്നു

Jul 15, 2025 - 22:08
Jul 15, 2025 - 22:09
 0
അവസാനനിമിഷം കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവെച്ചു; തീരുമാനം കോണ്‍സുലേറ്റിന്‍റെ ഇടപെടലില്‍

ദുബായ്: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്കാരം മാറ്റിവെച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഇന്ന് വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങാണ് മാറ്റിവെച്ചത്. സംസ്‌കാരം സംബന്ധിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ കോടതി വിധി പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷ് മോഹന് കൈമാറിയിരുന്നു.

തുടർന്ന് വൈകിട്ട് നാലിന് ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ തീരുമാനിച്ചിരുന്നു. വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനായിരുന്നു നിതീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍, ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നും ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടത്. അതേസമയം, കുഞ്ഞിന്റെ മൃതദേഹവുമായി നിതീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു.

ഇതിനിടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് വിളിയെത്തിയത്. തുടര്‍ന്ന്, സംസ്‌കരിക്കാനായി കൊണ്ടുവന്ന മൃതദേഹം തിരികെ കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ കുഞ്ഞിനെ പിറന്ന മണ്ണിലേക്ക് കൊണ്ടുപോകണമെന്നും ഷാർജയിൽ സംസ്കരിക്കരുതെന്നും  ഇരുവരുടെയും മൃതദേഹങ്ങൾ  നാട്ടിലേക്ക് കൊണ്ടുപോകാൻ കൊല്ലത്ത് നിന്ന് അമ്മ ഷൈലജ ഇന്ന് പുലർച്ചെ യുഎഇയിലെത്തി. വിപഞ്ചികയുടെ സഹോദരൻ വിനോദ് ഇന്ന് രാത്രി 11ന് കാനഡയിൽ നിന്ന് യുഎഇയിലെത്തും. 

What's Your Reaction?

like

dislike

love

funny

angry

sad

wow