കൊച്ചി ഷിപ്പ് യാര്‍ഡില്‍ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ ഡൈവര്‍ മുങ്ങിമരിച്ചു 

എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്

Dec 3, 2025 - 18:26
Dec 3, 2025 - 18:26
 0
കൊച്ചി ഷിപ്പ് യാര്‍ഡില്‍ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ ഡൈവര്‍ മുങ്ങിമരിച്ചു 

കൊച്ചി: നാവികസേനയുടെ കപ്പലിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷിപ്പ് യാർഡിൽ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍ അബൂബക്കറിൻ്റെ മകൻ അൻവർ സാദത്ത് (25) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്.

എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്. കപ്പലിൻ്റെ അറ്റകുറ്റപ്പണികൾക്കായി മുങ്ങൽ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നൽകുന്ന സ്ഥാപനമാണിത്. ഇദ്ദേഹത്തിന് ഈ മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തിപരിചയമുണ്ട്.

ഇന്നലെ രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികൾ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അൻവർ കപ്പലിൻ്റെ അടിത്തട്ടിലേക്ക് മുങ്ങിയത്. മുകളിൽനിന്ന് സുരക്ഷാ കാര്യങ്ങൾ നിരീക്ഷിച്ചിരുന്ന മറ്റൊരു ഡൈവർക്ക് കുറച്ചു കഴിഞ്ഞപ്പോൾ അൻവറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാല് മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. അൻവറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അഞ്ചു മണിയോടെ മരണം സംഭവിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് അയയ്ക്കാൻ ശ്രമിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അൻവർ സാദത്തിന് ഇളയ രണ്ട് സഹോദരങ്ങളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow