സിപിഎമ്മിൽ നേതൃമാറ്റ ആവശ്യം റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി; കീഴ്ഘടകങ്ങളിൽ അതൃപ്തി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ ഉയർന്ന നേതൃമാറ്റ ആവശ്യങ്ങളും നേതൃത്വത്തിനെതിരായ വിമർശനങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന ആക്ഷേപം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരായ വിമർശനങ്ങളാണ് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം.
വിവിധ ഏരിയാ കമ്മിറ്റികളിലും കീഴ്ഘടക യോഗങ്ങളിലുമായി തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്തപ്പോൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. നേതൃമാറ്റം അനിവാര്യമാണെന്ന അഭിപ്രായവും പല ഇടങ്ങളിൽ നിന്നായി ഉയർന്നുവന്നു. താഴെത്തട്ടിലുള്ള അംഗങ്ങൾക്കു പോലും നിർഭയമായി അഭിപ്രായം പറയാൻ അവസരമുണ്ടാകുമെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആ അഭിപ്രായങ്ങൾ സമാഹരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ നേതൃമാറ്റവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സൗകര്യപൂർവം ഒഴിവാക്കിയെന്നാണ് പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നത്. ഇന്ന് മുതൽ വിവിധ ജില്ലകളിൽ നടക്കുന്ന നേതൃയോഗങ്ങളിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കുന്നതും കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ടിലെ അപാകതകൾ സംസ്ഥാന സമിതിയിലും ചർച്ചയായതായാണ് വിവരം. ഇതിനെ തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചു. വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും നേതൃത്വം പറയുമ്പോഴും താഴെത്തട്ടിൽ നിന്നുള്ള നിർണായക അഭിപ്രായങ്ങൾ റിപ്പോർട്ടിൽ പ്രതിഫലിക്കാത്തതിൽ പ്രവർത്തകർക്കിടയിൽ അതൃപ്തി തുടരുകയാണ്.
What's Your Reaction?



