മരണത്തിന് തൊട്ടുമുൻപ് അമ്മയോട് സംസാരിക്കണമെന്ന് കൊതിച്ചു, മകന്‍റെ വിയോഗം താങ്ങാനാകാതെ അമ്മ, ബെംഗളൂരുവില്‍ പൊതുദര്‍ശനം
തന്റെ ക്യാബിനിലേക്ക് പോകുന്നതിനിടെ അമ്മയോട് സംസാരിക്കണമെന്ന് റോയ് ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബെംഗളൂരു നഗരം. മരണത്തിന് തൊട്ടുമുൻപ് തന്റെ അമ്മയോട് സംസാരിക്കണമെന്ന് റോയ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് നൽകിയ മൊഴി പ്രകാരം വെള്ളിയാഴ്ച നടന്ന സംഭവങ്ങൾ ഇപ്രകാരമാണ്: വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആദായനികുതി ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനാണ് റോയ് ഓഫീസിലെത്തിയത്.
തന്റെ ക്യാബിനിലേക്ക് പോകുന്നതിനിടെ അമ്മയോട് സംസാരിക്കണമെന്ന് റോയ് ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റിക്ക് നിർദ്ദേശം നൽകിയ റോയ് ക്യാബിനുള്ളിൽ പ്രവേശിച്ചു. 10 മിനിറ്റിന് ശേഷം വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് അദ്ദേഹത്തെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെ പോലീസ് ചോദ്യം ചെയ്തു. ജോയിന്റ് കമ്മീഷണർ സി. വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓഫീസിൽ പോലീസ് വിശദമായ പരിശോധന നടത്തി.
ഡോ. സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് (ഞായർ) വൈകിട്ട് നാല് മണിക്ക് നടക്കും. ബന്നാർഘട്ടയിലെ നേച്ചർസ് കാസ്കേഡിൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനം തുടരും. സെന്റ് ജോസഫ്‌സ് സിറോ മലബാർ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വൻ ജനവലിയുടെ സാന്നിധ്യത്തിലാകും സംസ്കാരം.
What's Your Reaction?

