പുഷ്പ 2 അപകടം: അല്ലു അർജുനെതിരെ കുറ്റപത്രം സമർപ്പിച്ചു
നടൻ അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടന്‍ അല്ലു അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടന്ന അപകടവുമായി ബന്ധപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് ഹൈദരാബാദ് പോലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അപകടം നടന്ന സന്ധ്യ തിയേറ്റർ ഉടമയാണ് കേസിലെ ഒന്നാം പ്രതി. നടൻ അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമയുടെ പ്രീമിയർ പ്രദർശനത്തിന് അല്ലു അർജുൻ എത്തിയപ്പോഴാണ് തിയേറ്ററിൽ വൻ തിരക്ക് അനുഭവപ്പെട്ടത്. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് സ്വദേശിനി രേവതി (39) മരണപ്പെടുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ആരാധകരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും തിരക്കിന് കാരണമായെന്നും ആരോപിച്ച് നേരത്തെ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്.
തിരക്കിനിടയിൽ പെട്ട രേവതിയെ ബൗൺസർമാർ കൈകാര്യം ചെയ്യുന്നതിന്റെയും അവരെ എടുത്തു മാറ്റുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്റെ സെക്യൂരിറ്റി മാനേജറെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പരാജയവുമാണ് കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
What's Your Reaction?