നൈജീരിയയില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം; 215 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

215 വിദ്യാർഥികളെയും 12 അധ്യാപകരെയുമാണ് തട്ടിക്കൊണ്ടുപോയത്

Nov 22, 2025 - 20:30
Nov 22, 2025 - 20:30
 0
നൈജീരിയയില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം; 215 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

അബൂജ: നൈജീരിയയിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആയുധധാരികളായ സംഘം സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ച് കയറി നിരവധി വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു.

215 വിദ്യാർഥികളെയും 12 അധ്യാപകരെയുമാണ് തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിനിടെ ചില വിദ്യാർഥികൾ രക്ഷപ്പെട്ടു. എന്നാൽ, ബാക്കിയുള്ളവരെ തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) സ്ഥിരീകരിച്ചു.

നൈജീരിയൻ തലസ്ഥാനമായ അബുജയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) നൈജർ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ മോസ്റ്റ്. റവ. ബുലസ് ദൗവ യോഹന്ന സ്കൂൾ സന്ദർശിക്കുകയും കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോയവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അസോസിയേഷൻ അറിയിച്ചു.

തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും, വനപ്രദേശങ്ങളിലടക്കം ഊർജിതമായ തിരച്ചിൽ നടത്തുകയാണെന്നും നൈജർ സ്റ്റേറ്റ് പോലീസ് കമാൻഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഈ ആഴ്ച ആദ്യം ക്വാരയിൽ തോക്കുധാരികൾ ഒരു പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പാസ്റ്റർ ഉൾപ്പെടെ നിരവധി വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. വടക്കുപടിഞ്ഞാറൻ കെബ്ബി സ്റ്റേറ്റിലെ ഗവൺമെന്റ് ഗേൾസ് ബോർഡിങ് സ്കൂളിൽ അതിക്രമിച്ചു കയറിയ സായുധസംഘം 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയും സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.

മതപരമായ ലക്ഷ്യങ്ങളോടു കൂടിയ ആക്രമണങ്ങൾ, വംശീയ/സാമുദായിക സംഘർഷങ്ങൾ എന്നിവയാൽ രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ച നിരവധി പേരാണ് ആക്രമണകാരികളാൽ തട്ടിക്കൊണ്ടുപോയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow