ബാറ്റുകൊണ്ട് വെടിയുതിര്‍ത്തത് പരമ്പരാഗത ആഘോഷം, പാക് താരം ഹാരിസ് റൗഫിന് പിഴ

'ഗൺഷോട്ട്' സെലിബ്രേഷൻ, പാകിസ്ഥാനിലെ പഖ്ദൂൺ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷമാണ് എന്നാണ് ഫർഹാൻ വിശദീകരണം നൽകിയത്

Sep 26, 2025 - 21:52
Sep 26, 2025 - 21:53
 0
ബാറ്റുകൊണ്ട് വെടിയുതിര്‍ത്തത് പരമ്പരാഗത ആഘോഷം, പാക് താരം ഹാരിസ് റൗഫിന് പിഴ

ദുബായിൽ നടന്ന ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യ പ്രകടനങ്ങളുടെ പേരിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) നടപടിയെടുത്തു. വിവാദമായ ‘6–0’ ആംഗ്യത്തിന്റെ പേരിലാണ് താരത്തിനെതിരെ നടപടിയുണ്ടായത്. പാക് താരങ്ങൾക്കെതിരെ ബി.സി.സി.ഐ ഐ.സി.സിക്ക് പരാതി നൽകിയിരുന്നു. അന്വേഷണങ്ങൾക്കുശേഷം മാച്ച് റഫറി റിച്ചി റിച്ചഡ്സൺ, ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

അതേസമയം, മത്സരത്തിൽ അർധ സെഞ്ചുറി നേടിയത് ആഘോഷിക്കാൻ ബാറ്റുകൊണ്ട് ‘വെടിയുതിർത്ത’ (Gunshot) ആംഗ്യം കാണിച്ച പാക് ഓപ്പണർ സഹിബ്സദ ഫർഹാനെതിരെ നടപടിയെടുത്തില്ല. ഫർഹാന് താക്കീത് നൽകാനാണ് ഐ.സി.സി തീരുമാനിച്ചത്.

'ഗൺഷോട്ട്' സെലിബ്രേഷൻ, പാകിസ്ഥാനിലെ പഖ്ദൂൺ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷമാണ് എന്നാണ് ഫർഹാൻ വിശദീകരണം നൽകിയത്. രണ്ട് താരങ്ങളും മാച്ച് റഫറിയുടെ മുൻപിൽ നേരിട്ട് ഹാജരാകുകയും വാദങ്ങൾ ഐ.സി.സിക്ക് എഴുതി നൽകുകയും ചെയ്തു. ടീം മാനേജർ നവീദ് അക്രം ചീമയും പാക് താരങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചതിനു ശേഷം, വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കു സമർപ്പിക്കുന്നതായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചിരുന്നു. ഇത്തരം പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സൂര്യകുമാർ യാദവിനും ഐ.സി.സി നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow