അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലുള്ളത് 71 പേര്‍, സെപ്തംബറില്‍ മാത്രം 24 പേര്‍ക്ക്

ഈ വർഷം 19 മരണമുണ്ടായതിൽ ഒൻപതെണ്ണമുണ്ടായതും ഈ മാസമാണ്‌

Sep 18, 2025 - 09:10
Sep 18, 2025 - 09:11
 0
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലുള്ളത് 71 പേര്‍, സെപ്തംബറില്‍ മാത്രം 24 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം കൂടുതൽ സ്ഥിരീകരിച്ചത്‌ സെപ്തംബര്‍ മാസത്തില്‍. ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്കനുസരിച്ച്, നിലവിൽ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 24 പേർക്കും രോഗം ബാധിച്ചത് ഈ മാസമാണ്. ഈ വർഷം 19 മരണമുണ്ടായതിൽ ഒൻപതെണ്ണമുണ്ടായതും ഈ മാസമാണ്‌. 

അതേസമയം, രോഗബാധ കൂടുതലാകുമ്പോഴും രോഗത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. പൊതുജലാശയങ്ങളിലും വീട്ടുവളപ്പിലെ കിണറുകളിൽനിന്നുമടക്കം രോഗം പകരുന്നുണ്ട്.

നെഗ്ലേറിയ ഫൗലേറി, അക്കാന്ത അമീബിയ, ബാലമുത്തിയ വെർമമീബ പോലുള്ള അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലെറ്റിസ് ഉണ്ടാകുന്നത്. ഇവയ്ക്ക് ജീവിക്കാൻ അനുകൂല സാഹചര്യമുണ്ടാകുമ്പാഴും വലിയ അളവിൽ തലച്ചോറിൽ എത്തുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാകുന്നത്. ശുദ്ധജലത്തിലും ഇവയുടെ സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിലും കാണാം. കുളിക്കുമ്പോൾ വെള്ളം കുടിച്ചതുകൊണ്ട് രോഗകാരിയായ അമീബ തലച്ചോറിൽ പ്രവേശിക്കണമെന്നില്ല. എന്നാൽ, ഡൈവ് ചെയ്യുമ്പോഴോ മറ്റോ വെള്ളം ഉള്ളിൽക്കടന്നാൽ രോഗമുണ്ടാകാം.

അതേസമയം, അമീബിക് മസ്തിഷ്‌കജ്വരത്തിൽ അമിത ആശങ്ക വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്ത് 40 ശതമാനംവരെ മാത്രമാണ് രോഗം കണ്ടുപിടിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇത് 70 ശതമാനം വരെയാണ്. കൂടുതൽ ടെസ്റ്റ്‌ നടത്തുന്നതുകൊണ്ടാണ് രോഗസ്ഥിരീകരണ നിരക്കും കൂടുന്നത്. രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്തുക എന്നതും ബുദ്ധിമുട്ടാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow