യമഹ ഇലക്ട്രിക് വാഹനരംഗത്തേക്ക് പ്രവേശിക്കുന്നു
റേഞ്ചിന് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് EC-06 മോഡൽ എത്തുന്നത്
ന്യൂഡൽഹി: പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ യമഹ ഇലക്ട്രിക് വാഹന (EV) രംഗത്തേക്ക് പ്രവേശിക്കുന്നു. 'EC-06', 'എയറോക്സ്-ഇ' എന്നീ പേരുകളിൽ രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി ഈ മേഖലയിലേക്ക് ചുവടുവെക്കുന്നത്.
റേഞ്ചിന് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് EC-06 മോഡൽ എത്തുന്നത്. 4 kWh (കിലോവാട്ട്അവർ) ശേഷിയുള്ള ഫിക്സഡ് ബാറ്ററി പായ്ക്ക്. ഒറ്റ ചാർജിൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. 4.5 kW ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. ഇത് 6.7 kW പീക്ക് പവർ ഉൽപ്പാദിപ്പിക്കും.
സ്കൂട്ടർ പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 9 മണിക്കൂർ വേണ്ടി വരും. വിപണിയിലെ ജനപ്രിയ മോഡലായ എയറോക്സ് 155-ന്റെ ഇലക്ട്രിക് പതിപ്പാണ് എയറോക്സ്-ഇ. മികച്ച പ്രകടനവും കാര്യക്ഷമതയുമാണ് ഈ മോഡലിന്റെ പ്രത്യേകത.
ഉയർന്ന ഊർജ്ജ സെല്ലുകൾ ഉപയോഗിച്ചുള്ള 3 kWh ശേഷിയുള്ള ഡ്യുവൽ-ബാറ്ററി സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പൂർണ്ണ ചാർജിൽ 106 കിലോമീറ്റർ റേഞ്ചാണ് യമഹ വാഗ്ദാനം ചെയ്യുന്നത്. പുതിയ ഇലക്ട്രിക് മോഡലുകൾ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?

