തൃശൂർ വെടിക്കെട്ട് പുരയിൽ ഉഗ്രസ്‌ഫോടനം; വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണ ശാലയിൽ അപകടമുണ്ടായത്
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച മുഖ്യമന്ത്രി, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയതായും അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണ ശാലയിൽ അപകടമുണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വിഭാഗം എന്നിവരെ ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടാനും അദ്ദേഹം ഉത്തരവിട്ടു.അപകടത്തിൽ മരിച്ചവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിൽ നിലവിൽ ആറ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റ 18 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു.
What's Your Reaction?