സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയോ അശ്രദ്ധയോ? മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍

Apr 21, 2026 - 18:08
Apr 21, 2026 - 18:08
 0
സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയോ അശ്രദ്ധയോ?  മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍

തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾക്കിടെ മുണ്ടത്തിക്കോട്ടുണ്ടായ സ്ഫോടനം പടക്കം നിർമ്മാണ ശാലകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു. പടക്ക നിർമ്മാണത്തിനിടയിലുണ്ടായ അശ്രദ്ധയോ സാങ്കേതികമായ പിഴവോ ആകാം ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമവേളയെ ചോരക്കളമാക്കി മാറ്റിയത്. അഞ്ച് വെടിപ്പുരകൾ പ്രവർത്തിച്ചിരുന്നയിടത്ത് ഉണ്ടായ ആദ്യ സ്ഫോടനത്തിന് പിന്നാലെ തീ പടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. വെടിപ്പുരകൾ തമ്മിൽ ആവശ്യമായ സുരക്ഷാ അകലം പാലിച്ചിരുന്നോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

അപകടസ്ഥലത്തിന്റെ കിടപ്പും ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകമായി. പാടശേഖരത്തോട് ചേർന്നുള്ള വിശാലമായ പറമ്പിലായിരുന്നു വെടിപ്പുരകൾ പ്രവർത്തിച്ചിരുന്നത്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തിയെങ്കിലും റോഡ് സൗകര്യമില്ലാത്തതിനാൽ ഫയർഫോഴ്‌സിനോ ആംബുലൻസിനോ അവിടേക്ക് വേഗത്തിൽ പ്രവേശിക്കാനായില്ല. ഒടുവിൽ ജെസിബി എത്തിച്ച് മണ്ണ് മാറ്റി വഴി നിർമ്മിക്കേണ്ടി വന്നത് രക്ഷാപ്രവർത്തനത്തെ വല്ലാതെ വൈകിപ്പിച്ചു.

രണ്ട് ഉഗ്രസ്ഫോടനങ്ങളാണ് ആദ്യം ഉണ്ടായതെങ്കിലും അതിന് ശേഷവും ചെറിയ പൊട്ടിത്തെറികൾ തുടർന്നു കൊണ്ടിരുന്നത് പരിഭ്രാന്തി പരത്തി. കിലോമീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച കെട്ടിടാവശിഷ്ടങ്ങളും മരങ്ങളിലേക്ക് പടർന്ന തീയും അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിപ്പുരകൾ നിർമ്മിച്ചിരുന്ന കല്ലുകൾ ദൂരെയുള്ള പാടത്തേക്ക് വരെ തെറിച്ചുവീണു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പലരുടെയും നില അതീവ ഗുരുതരമാണ്. പലരുടെയും ശരീരഭാഗങ്ങൾ അറ്റുപോയ നിലയിലാണുള്ളത്. സമീപത്തെ വീടുകൾക്കുണ്ടായ കേടുപാടുകളും ചില്ലുകൾ തകർന്ന് വീട്ടുകാർക്ക് പരിക്കേറ്റതും ജനവാസമേഖലയോട് ചേർന്നുള്ള ഇത്തരം ശാലകളുടെ പ്രവർത്തന സുരക്ഷയെ വീണ്ടും ചർച്ചയാക്കുന്നു. ആറ് പേരുടെ മരണം സ്ഥിരീകരിച്ച ഈ ദുരന്തം, സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നായി മാറുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow