പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയിൽ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്.
നാട്ടിൽ പുതിയതായി ഉണ്ടാക്കിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും രണ്ട് വയസുകാരൻ മകന്‍റെ മാമോദിസയ്ക്കും വേണ്ടിയാണ് അയർലൻഡിലായിരുന്ന കുടുംബം നാട്ടിലെത്തിയത്. മകന്റെ മാമോദിസ ചടങ്ങുകളും വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകളും കഴിഞ്ഞ് സന്തോഷത്തോടെ ഇരിക്കവെയാണ് ഇരുവരെയും കണ്ണീരിലാഴ്ത്തി മകന്‍റെ മരണം നടന്നിരിക്കുന്നത്.
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മകനെ കാണാതായതോടെയാണ് വീട്ടുകാർ കുഞ്ഞിനെ അന്വേഷിക്കാൻ ആരംഭിച്ചത്. മകനെ കാണാതായതോടെ വീട്ടുകാർ പുറത്തെത്തി നോക്കിയപ്പോഴാണ് രണ്ടുവയസ്സുകാരൻ വീടിനോട് ചേർന്നുണ്ടായിരുന്ന സ്വിമ്മിങ്പൂളിൽ മരിച്ച് കിടക്കുന്നത് കണ്ടത്.
കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരുന്ന ജോർജ് അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് നിഗമനം.