കൊച്ചി: വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശത്തോടെയല്ലെന്ന് കോടതി വ്യക്തമാക്കി. കേവലം വാക്കുകളല്ല, ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിൽ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങൾ ചെയ്താൽ മാത്രമേ ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കൂ എന്ന സുപ്രീം കോടതിയുടെ വിധിന്യായങ്ങളും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2023-ലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനായ ഹർജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹർജിക്കാരൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതി അറിഞ്ഞതോടെ ഇവർ തമ്മിൽ തർക്കമായി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ 'പോയി ചാക്' എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കേസ്.