കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ ആരോഗ‍്യ സ്ഥിതി അതീവ ഗുരുതരം. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്.
കഴിഞ്ഞ 8 ദിവസത്തിനിടെ രോഗം ബാധിച്ച് മൂന്നു പേർ മരിച്ചിരുന്നു. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.
രോഗം ബാധിച്ച് 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടു പേർ കുട്ടികളാണ്. രോഗത്തിൻറെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. പരിശോധന കാര്യക്ഷമമായി നടത്തുന്നത് കൊണ്ടാണ് കൂടുതൽ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.