തിരുവനന്തപുരം: ഒരുമയുടെയും ഒത്തുചേരലിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി ഇന്ന് തിരുവോണം പിറന്നു. മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായി നമ്മൾ മലയാളികൾ കൊണ്ടാടുന്നു.
ലോകമെമ്പാടുമുള്ള മലയാളികൾ ജാതി മത ഭേതമന്യേ ഓണം ആഘോഷിക്കുകയാണ്. പുതു വസ്ത്രങ്ങൾ അണിയുക, വർണ്ണ മനോഹരമായ പൂക്കളം ഒരുക്കുക, ഊഞ്ഞാൽ ആടുക, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക, വിഭവ സമൃദ്ധമായ സദ്യ ഒരുക്കുക, എല്ലാവരും ഒരുമിച്ച് ഇരുന്ന് സദ്യ കഴിക്കുക തുടങ്ങിയവയാണ് ഓണത്തിന്റെ സവിശേഷത.
ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്നാണ് ചൊല്ല്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്.
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്.
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ഓണത്തിന് വീട്ടിലുളളവർക്കും വിരുന്നുകാർക്കും അവകാശക്കാർക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം ഓണസദ്യ നൽകണം.