തിരുവനന്തപുരം: കാർഗിൽ യുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തി ഓർമ്മിപ്പിക്കുന്നതിന് ജൂലൈ 26 ന് ഇന്ത്യയിൽ ഓപ്പറേഷൻ വിജയ്‌യുടെ പേരിലുള്ള കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് ഇന്ന് രാജ്യം.
ലഡാക്കിലെ ദ്രാസിൽ അനുസ്‌മരണപരിപാടികൾക്ക് തുടങ്ങി. ഡ്രോൺ ഷോ, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുമായി മുഖാമുഖം, സാംസ്‌കാരിക പരിപാടികൾ, പദയാത്ര തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കും. സായുധ സേനയുടെ സംഭാവനകളെ അനുസ്മരിപ്പിക്കുന്നതിനായി രാജ്യമെമ്പാടും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.
പാക്കിസ്ഥാനോടുളള കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യം വിജയം വരിച്ചിട്ട് 26 വര്‍ഷം ആയിരിക്കുകയാണ്. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. 60 ദിവസത്തിൽ കൂടുതലാണ് യുദ്ധം നടന്നത്. ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായ്ക്ക് സജി കുമാർ, ലെഫ്. കേണൽ ആർ വിശ്വനാഥൻ തുടങ്ങി നിരവധി മലയാളികൾ ഉൾപ്പെടെ 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. മുമ്പ് കൈവശം വച്ചിരുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിച്ചതോടെ ജൂലൈ 26 ന് യുദ്ധം അവസാനിച്ചു.