കുരുന്നുകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ശാസ്ത്രജ്ഞൻ; ഡോ എ .പി.ജെ അബ്ദുൽ കലാം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം

2015 ജൂലൈ 27 ന് 84-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്

Jul 27, 2025 - 09:23
Jul 27, 2025 - 09:25
 0  10
കുരുന്നുകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ശാസ്ത്രജ്ഞൻ; ഡോ എ .പി.ജെ അബ്ദുൽ കലാം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം
ഇന്ത്യയുടെ മിസൈൽ മാൻ ‌ഡോ. എ.പി.ജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് പത്ത് വർഷം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ അബ്ദുൽ കലാം നമ്മളെ കൂടുതൽ ചിന്തിപ്പിക്കുന്നതിനും കുരുന്നുകളെ സ്വപ്‌നം കാണാനും പഠിപ്പിച്ച വ്യക്തിയാണ്. 
 
2015 ജൂലൈ 27 ന് 84-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
 
2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
 
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow