ലോകജേതാക്കൾക്ക് ടാറ്റയുടെ രാജകീയ സമ്മാനം; വനിതാ ക്രിക്കറ്റ് ടീമിന് 'സിയറ' എസ്.യു.വികൾ
വാഹനങ്ങളുടെ താക്കോൽ ദാന ചടങ്ങ് വരുന്ന ജനുവരിയിൽ ഔദ്യോഗികമായി നടക്കും
ലോകചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങൾക്കും പുത്തൻ 'ടാറ്റ സിയറ' (Tata Sierra) എസ്.യു.വികൾ സമ്മാനമായി നൽകുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ഐതിഹാസികമായ സിയറ മോഡലിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിത്തുടങ്ങുന്ന ഘട്ടത്തിലാണ് ടീമിന് ഈ ആവേശകരമായ സമ്മാനം ലഭിക്കുന്നത്.
വാഹനങ്ങളുടെ താക്കോൽ ദാന ചടങ്ങ് വരുന്ന ജനുവരിയിൽ ഔദ്യോഗികമായി നടക്കും. ഇന്ത്യൻ ടീം അംഗങ്ങൾ ടാറ്റ സൺസ് ആൻഡ് ടാറ്റ മോട്ടോഴ്‌സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ടാറ്റ മോട്ടോഴ്‌സ് എം.ഡി. ശൈലേഷ് ചന്ദ്ര എന്നിവർക്കൊപ്പം സിയറ വാഹനത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യൻ കാർ വിപണിയിൽ വലിയ ചരിത്രമുള്ള മോഡലാണ് സിയറ. ഇതിന്റെ പുത്തൻ പതിപ്പ് അത്യാധുനിക സൗകര്യങ്ങളോടെയാണ് പുറത്തിറങ്ങുന്നത്. ലവൽ 2 അഡാസ് (Level 2 ADAS) ഉൾപ്പെടെയുള്ള നൂതന സുരക്ഷാ ഫീച്ചറുകൾ വാഹനത്തിലുണ്ട്. മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ആഡംബരവും കരുത്തും ഒത്തുചേരുന്ന സിയറ, ലോകത്തിന്റെ നെറുകയിലെത്തിയ ഇന്ത്യൻ വനിതാ താരങ്ങൾക്കുള്ള അർഹമായ ആദരമായി മാറിയിരിക്കുകയാണ്.
What's Your Reaction?

