പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ; മന്ത്രി റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമായാണ് സർക്കാരിന്റെ ഈ നീക്കമെന്നാണ് സൂചന

Mar 11, 2026 - 10:09
 0
പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ; മന്ത്രി റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമായാണ് സർക്കാരിന്റെ ഈ നീക്കമെന്നാണ് സൂചന.

കേരളത്തിൽ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് വകുപ്പ് മന്ത്രിയെ തന്നെ ഒഴിവാക്കിയത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിലെത്തില്ല. പരിപാടിയുടെ അറിയിപ്പ് വൈകിയാണ് ലഭിച്ചതെന്നും മറ്റ് ഔദ്യോഗിക തിരക്കുകളുണ്ടെന്നുമാണ് മന്ത്രിമാരുടെ വിശദീകരണം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ദേശീയപാത 66-ലെ തലപ്പാടി - ചെങ്കള ആറുവരി പാത, കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാത എന്നിവയുൾപ്പെടെയുള്ള നിർണ്ണായക പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ കൂടി സാമ്പത്തിക വിഹിതമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിൽ നിന്ന് ബന്ധപ്പെട്ട മന്ത്രിയെ ഒഴിവാക്കിയത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ പേര് ക്ഷണക്കത്തിലുണ്ടെങ്കിലും പ്രതിഷേധ സൂചകമായി അദ്ദേഹം വിട്ടുനിൽക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow