ട്രെയിനുകളിൽ ഭക്ഷണ വിതരണം തടസപ്പെട്ടേക്കും; എൽ.പി.ജി ക്ഷാമം മൂലം ഐ.ആർ.സി.ടി.സി പ്രതിസന്ധിയിൽ

ഐആർസിടിസി മുഖേന ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് വിതരണം തടസ്സപ്പെട്ടാൽ തുക റീഫണ്ട് ചെയ്യാനാണ് നിലവിലെ നീക്കം

Mar 11, 2026 - 18:04
Mar 11, 2026 - 18:04
 0
ട്രെയിനുകളിൽ ഭക്ഷണ വിതരണം തടസപ്പെട്ടേക്കും; എൽ.പി.ജി ക്ഷാമം മൂലം ഐ.ആർ.സി.ടി.സി പ്രതിസന്ധിയിൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഇന്ത്യൻ റെയിൽവേയുടെ കാറ്ററിങ് സേവനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ട്രെയിനുകളിലെ ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിവെക്കുന്നതും യാത്രക്കാർക്ക് പണം തിരികെ നൽകുന്നതും റെയിൽവേയുടെ പരിഗണനയിലാണ്.

ഐ.ആർ.സി.ടി.സി മുഖേന ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് വിതരണം തടസ്സപ്പെട്ടാൽ തുക റീഫണ്ട് ചെയ്യാനാണ് നിലവിലെ നീക്കം. ട്രെയിനുകളിലെ ബേസ് കിച്ചണുകളെ പാചകവാതക ക്ഷാമം കാര്യമായി ബാധിച്ചതോടെയാണ് റെയിൽവേ അടിയന്തര നടപടികളിലേക്ക് കടന്നത്. റെയിൽവേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, ജൻ ആഹാർ ഔട്ട്‌ലറ്റുകൾ എന്നിവയോട് പാചകവാതകത്തിന് പകരമുള്ള ബദൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ മാർച്ച് 10-ന് നൽകിയ കത്തിൽ ഐആർസിടിസി ആവശ്യപ്പെട്ടു.

പാകം ചെയ്ത ഭക്ഷണത്തിന് ക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ 'റെഡി ടു ഈറ്റ്' ഭക്ഷണ പദാർത്ഥങ്ങളുടെ മതിയായ ശേഖരം ഉറപ്പാക്കാൻ കാറ്ററിങ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഗ്യാസ് വിതരണത്തിൽ തടസ്സമുണ്ടായാൽ കാറ്ററർമാർ ഉടനടി അധികൃതരെ അറിയിക്കണം. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാൻ ലൈസൻസികൾ കർശന ജാഗ്രത പാലിക്കണമെന്നും ഐആർസിടിസി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ട്രെയിൻ യാത്രകളിൽ ലഘുഭക്ഷണങ്ങളോ മറ്റ് ബദൽ സംവിധാനങ്ങളോ കരുതുന്നത് ഉചിതമായിരിക്കും. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് വിതരണം നടന്നില്ലെങ്കിൽ തുക സ്വയമേവ അക്കൗണ്ടുകളിലേക്ക് തിരികെ ലഭിക്കാനുള്ള സംവിധാനം റെയിൽവേ ഒരുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow