പാചകവാതക ക്ഷാമം രൂക്ഷം;ആശങ്കയോടെ ഹോട്ടലുകളും കേറ്ററിംഗ് മേഖലയും
പാചകവാതകക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഹോട്ടൽ, കേറ്ററിങ് മേഖല പ്രതിസന്ധിയിലേക്കെന്ന് ആശങ്ക. പല ജില്ലകളിലും ഹോട്ടലുകളിൽ പാചകവാതക സ്റ്റോക്ക് കുറച്ചുദിവസത്തേക്കു മാത്രമേയുള്ളൂ. കൊമേഴ്സ്യൽ സിലിണ്ടർ വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത് വെല്ലുവിളിയാകുമെന്ന് ഹോട്ടലുടമകൾ പറയുന്നു.
കൊമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും കടുത്ത ആശങ്കയിലാണെന്നും ഫെഡറേഷന്‍ ഓഫ് കേരളാ ഹോട്ടല്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത് സി. നായര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഹോട്ടലുകള്‍ അടച്ചിടേണ്ടിവരികയോ മെനു വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. തിരുവനന്തപുരം ജില്ലയിലെ മിക്ക ഹോട്ടലുകളിലും ഒരാഴ്ചത്തേക്കുള്ള സ്‌റ്റോക്ക് മാത്രമേ ബാക്കിയുള്ളു. നോണ്‍ വെജ് ഹോട്ടലുകള്‍ ബിരിയാണി മാത്രം എന്ന തീരുമാനത്തിലേക്കാണു നീങ്ങുന്നത്. മെനു തീര്‍ത്തും വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്. കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ ഫില്ലിങ് കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് സ്‌റ്റോക്കിസ്റ്റുകള്‍ പറയുന്നത്. പാചകവാതകത്തിനു പകരം ബദല്‍ മാര്‍ഗങ്ങള്‍ അത്ര എളുപ്പം ഒരുക്കാന്‍ കഴിയുന്ന നിലയല്ല. ഇന്‍ഡക്‌ഷന്‍ രീതിയില്‍ വലിയ തോതില്‍ പാചകം ചെയ്യാനുള്ള സംവിധാനമുണ്ടെന്ന വാഗ്ദാനവുമായി കമ്പനികള്‍ ഹോട്ടലുടമകളെ സമീപിക്കുന്നുണ്ട്. എന്നാല്‍ അതിനു കൂടുതല്‍ മുതല്‍മുടക്ക് വേണ്ടിവരുന്നതുകൊണ്ട് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും അജിത് പറഞ്ഞു.
What's Your Reaction?