രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം; പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കൂടും; വാണിജ്യ സിലിണ്ടർ വിതരണം നിർത്തി ഐഒസി

വില ഉയർത്താതെ നിലവിലെ സാഹചര്യം മറികടക്കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്

Mar 10, 2026 - 14:14
Mar 10, 2026 - 14:14
 0
രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം; പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കൂടും; വാണിജ്യ സിലിണ്ടർ വിതരണം നിർത്തി ഐഒസി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി അതീവ ഗുരുതരമാകുന്നു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടി പാചകവാതക വില വർധിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC). ഏത് നിമിഷവും വിലവർധന പ്രാബല്യത്തിൽ വരുമെന്ന് ഐഒസി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

വില ഉയർത്താതെ നിലവിലെ സാഹചര്യം മറികടക്കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഇതിനിടെ, സ്റ്റോക്ക് കുറഞ്ഞതിനെത്തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഐഒസി ഭാഗികമായി നിർത്തിവെച്ചു. ബെംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകളെയും വ്യവസായങ്ങളെയും ഇത് വല്ലാതെ ബാധിച്ചിരിക്കുകയാണ്.

എത്ര രൂപ വർധിപ്പിക്കുമെന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സെയിൽസ് ടീം ഉടൻ നൽകും. ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ കമ്പനികളും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. നഗരത്തിലെ 35,000-ത്തോളം ഹോട്ടലുകളുടെ പ്രവർത്തനം താളംതെറ്റി. പ്രതിദിനം 22,000 സിലിണ്ടറുകൾ ആവശ്യമുള്ള സ്ഥാനത്ത് 11,000 സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

സ്റ്റോക്ക് തീരുന്നതോടെ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചു. പാചകവാതക വിതരണം നിലച്ച സാഹചര്യത്തിൽ ഉപഭോക്താക്കൾ മറ്റ് ഇന്ധന മാർഗ്ഗങ്ങൾ തേടണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈ ഡിവിഷൻ നിർദ്ദേശം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow