ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി
താൻ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ മന്ത്രിയെ കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് ബിന്ദുവിന്റെ പ്രധാന ആരോപണം
കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ പരസ്യമാകുന്നു. ശനിയാഴ്ച വാളകത്തെ വീട്ടിലുണ്ടായ നാടകീയ സംഭവങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ബിന്ദു മേനോൻ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. താൻ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ മന്ത്രിയെ കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് ബിന്ദുവിന്റെ പ്രധാന ആരോപണം.
മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചോദ്യം ചെയ്തപ്പോൾ തന്നെ ഒറ്റപ്പെടുത്താനും മാനസികരോഗിയായി ചിത്രീകരിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ബിന്ദു മേനോൻ ആരോപിച്ചു. അതേസമയം, വ്യക്തിപരമായ കാര്യങ്ങൾ പണം കൊടുത്ത് സൈബർ ഇടങ്ങളിൽ പ്രചരിപ്പിച്ച് തന്നെ വേട്ടയാടുകയാണെന്നാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരെയും അറിയിക്കാതെ വാളകത്തെ വീട്ടിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ താൻ ഫോണിൽ പകർത്താൻ ശ്രമിച്ചു. ഈ സമയം മന്ത്രിയുടെ കൂടെയുള്ളവർ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചതായും അവർ ആരോപിക്കുന്നു. വീട്ടിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് മുൻ ഡിജിപി ആർ. ശ്രീലേഖയെയാണ് ബിന്ദു സഹായത്തിനായി വിളിച്ചത്. അവരുടെ നിർദ്ദേശപ്രകാരം 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പൊലീസിനെ അറിയിച്ചു.
"മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിലാണ് ഞാൻ കണ്ടത്. ഞാൻ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ കൂടെയുള്ളവർ തടഞ്ഞു. പൊലീസ് വരുന്നതിന് മുൻപ് അവിടെയുണ്ടായിരുന്ന സ്ത്രീയെ മാറ്റി. മന്ത്രിയുടെ സ്റ്റാഫായ മനോജ് തന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു" എന്നും ബിന്ദു വെളിപ്പെടുത്തി. 2014-ലെ വിവാഹത്തിന് ശേഷം പലപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും താൻ കാര്യങ്ങൾ അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ അറിയിച്ചു. കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഭാര്യയുടെ ആരോപണങ്ങൾ വ്യക്തിഹത്യയുടെ ഭാഗമാണെന്നും സൈബർ ആക്രമണത്തിലൂടെ തന്നെ തകർക്കാനാണ് നീക്കമെന്നുമാണ് മന്ത്രിയുടെ നിലപാട്.
What's Your Reaction?