ഒന്‍പതാംക്ലാസുകാരന്‍ സഹപാഠിയെ അടിച്ചുകൊന്നു;ദാരുണസംഭവം കര്‍ണാടകയില്‍
ബെംഗളൂരു: കർണാടകയിലെ സ്‌കൂൾ ഹോസ്റ്റലിൽ ഒൻപതാംക്ലാസ് വിദ്യാർഥി സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആറുവിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെല്ലാരിയിലെ ഗുരുകുല റെസിഡെൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
രാത്രി അത്താഴം കഴിച്ചശേഷം വിദ്യാർഥികളെല്ലാം ഉറങ്ങുന്നതിനിടെയാണ് ഒൻപതാംക്ലാസുകാരൻ അക്രമാസക്തനായതെന്നാണ് വിവരം. ഒരു ഇരുമ്പുവടിയുമായി ഹോസ്റ്റലിലെ അന്തേവാസികൾക്ക് നേരേ കുതിച്ചെത്തിയ വിദ്യാർഥി, ഡോർമിറ്ററിയിലുണ്ടായിരുന്ന എട്ടോളം വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളിലൊരാണ് പിന്നീട് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. അതേസമയം, എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല.
വിദ്യാർഥികളെ ആക്രമിച്ചതിനുശേഷം പ്രതി ഹോസ്റ്റൽ വാർഡനെയും സമാനരീതിയിൽ ആക്രമിച്ചെന്നാണ് വിവരം. വാർഡനെ ആക്രമിച്ചശേഷം ഹോസ്റ്റലിൽനിന്ന് കടന്നുകളഞ്ഞ വിദ്യാർഥിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, ലഹരി ഉപയോഗിച്ചാണ് ഒൻപതാംക്ലാസുകാരൻ ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ട വിദ്യാർഥിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.
What's Your Reaction?