ട്രെയിനിൽ കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് യുവതി മുങ്ങി; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

ശുചിമുറിയിൽ പോയി വരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവതി ഒരു വയസ്സുള്ള ആൺകുഞ്ഞിനെ യുവാവിന്റെ സീറ്റിലിരുത്തി മുങ്ങിയത്

Mar 10, 2026 - 12:16
Mar 10, 2026 - 12:16
 0
ട്രെയിനിൽ കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് യുവതി മുങ്ങി; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടയിൽ കൈക്കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് യുവതി കടന്നുകളഞ്ഞു. കണ്ണൂർ-പാലക്കാട് പാസഞ്ചർ ട്രെയിനിൽ തിങ്കളാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന യുവതിക്കായി റെയിൽവേ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ശുചിമുറിയിൽ പോയി വരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവതി ഒരു വയസ്സുള്ള ആൺകുഞ്ഞിനെ യുവാവിന്റെ സീറ്റിലിരുത്തി മുങ്ങിയത്. നിലവിൽ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 10:10-ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട പാസഞ്ചർ ട്രെയിനിലാണ് യുവതി കുഞ്ഞുമായി കയറിയത്. തന്റെ സീറ്റിന് സമീപമിരുന്ന യുവാവിനോട് കുഞ്ഞിനെ ഒന്നു നോക്കണമെന്ന് പറഞ്ഞ് ഇവർ ശുചിമുറിയിലേക്ക് പോയി. ഇതേസമയം ട്രെയിൻ പാലക്കാട് ഭാഗത്തേക്ക് യാത്ര തിരിച്ചു. കല്ലായി സ്റ്റേഷൻ പിന്നിട്ടിട്ടും യുവതി തിരികെ വരാത്തതിനെത്തുടർന്ന് യുവാവ് ട്രെയിനിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കുട്ടി കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ യുവാവ് ഫറോക്ക് സ്റ്റേഷനിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് വിവരം ചൈൽഡ് ലൈനെയും ഫറോക്ക് പൊലീസിനെയും അറിയിച്ചു. റെയിൽവേ എസ്.ഐ സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന യുവതിയാണ് കുഞ്ഞുമായി ട്രെയിനിൽ കയറിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് യുവതിയെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow