ഗണേഷ് കുമാർ തിരുവനന്തപുരത്ത്; ആരോപണങ്ങളിൽ മൗനം തുടർന്ന് മന്ത്രി; പരാതി ലഭിച്ചാൽ കേസെടുക്കാൻ പോലീസ്
മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രമേ കേസെടുക്കൂ എന്ന നിലപാടിലാണ് പോലീസ്
തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കും വാളകത്തെ വീട്ടിലുണ്ടായ നാടകീയ സംഭവങ്ങൾക്കും പിന്നാലെ മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്തെത്തി. രാവിലെ 10 മണിക്ക് നടന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. എന്നാൽ, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.
വാളകത്തെ വീട്ടിലുണ്ടായ സംഭവങ്ങളിൽ ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രി പണറായി വിജയനും ഡിജിപിക്കും വിശദമായ റിപ്പോർട്ട് നൽകി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രമേ കേസെടുക്കൂ എന്ന നിലപാടിലാണ് പോലീസ്. കൈയേറ്റം നടന്നതിനെക്കുറിച്ചോ ഗാർഹിക പീഡനത്തെക്കുറിച്ചോ രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണം ആരംഭിക്കും. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഇന്റലിജൻസ് റിപ്പോർട്ട്: വാളകത്തെ വീട്ടിൽ നടന്ന കാര്യങ്ങൾ നിരീക്ഷിച്ച് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് തയ്യാറാക്കി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ബിന്ദു മേനോൻ പരാതി നൽകിയാൽ അത് സർക്കാരിനും മന്ത്രിക്കും വലിയ തിരിച്ചടിയാകുമെന്ന സൂചന റിപ്പോർട്ടിലുണ്ട്. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവകരമാണെന്നാണ് ഇടത് മുന്നണിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഇത് തന്റെ വ്യക്തിപരമായ കുടുംബകാര്യമാണെന്ന് ഘടകകക്ഷി യോഗത്തിൽ വിശദീകരിക്കാനാണ് ഗണേഷ് കുമാറിന്റെ നീക്കം.
What's Your Reaction?