നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈക്കോടതി നോട്ടീസ്

നെടുമ്പാശ്ശേരി എസ്.എച്ച്.ഒ വഴിയാണ് കുറ്റവിമുക്തരാക്കപ്പെട്ട പ്രതികൾക്ക് നോട്ടീസ് കൈമാറുക

Mar 10, 2026 - 13:23
Mar 10, 2026 - 13:24
 0
നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി. വിചാരണക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി 300 പേജുള്ള അപ്പീലാണ് സർക്കാർ സമർപ്പിച്ചത്. 

നെടുമ്പാശ്ശേരി എസ്.എച്ച്.ഒ വഴിയാണ് കുറ്റവിമുക്തരാക്കപ്പെട്ട പ്രതികൾക്ക് നോട്ടീസ് കൈമാറുക. കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി എട്ടാം പ്രതിയായ ദിലീപിനെ നേരത്തെ വെറുതെ വിട്ടത്.

ദിലീപ് ഉൾപ്പെടെയുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് സർക്കാരിന്റെ വാദം.

കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിചാരണക്കോടതി 20 വർഷത്തെ കഠിനതടവ് വിധിച്ചിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസിൽ വെറുതെ വിട്ട പ്രതികൾ തങ്ങളുടെ ഭാഗം വിശദീകരിക്കാനായി കോടതിയിൽ ഹാജരാകണം എന്നറിയിച്ചാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow