തിരുവനന്തപൂരം പോത്തൻകോട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന നീതു സമീപത്തെ വീടിന്റെ മതിലിന് മുകളിലൂടെ തെറിച്ചു വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പോത്തൻകോട്: ഞാണ്ടൂർക്കോണം മേലെ മുക്ക് ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 8:30 ന് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു. അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപ് (42), നീതു (30) എന്നിവരാണ് മരിച്ചത്.
ഞാണ്ടൂർക്കോണം ഭാഗത്ത് നിന്ന് ദമ്പതികൾ വീട്ടിലേക്ക് പോകുന്ന വഴി എതിർ ദിശയിൽ അമിത വേഗത്തിൽ വന്ന ഡ്യൂക്ക് ബൈക്ക് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന നീതു സമീപത്തെ വീടിന്റെ മതിലിന് മുകളിലൂടെ തെറിച്ചു വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഡ്യൂക്ക് ബൈക്കിലെ യാത്രികരായ പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ ഇരുവരെയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നീതുവിന്റെ ഞാണ്ടൂർക്കോണത്തെ കുടുംബവീട്ടിലെത്തി അമ്മ സുനിമോളെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. ദിലീപ് അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. വിദേശത്ത് ഫയർ ആൻഡ് സേഫ്ടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്.
ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റലി ഏബിൽഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) ന്റെ കഴക്കൂട്ടം ഏരിയ കമ്മിറ്റിയംഗമാണ് നീതു.
യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.
നീതുവിന്റെയും ദിലീപിന്റെയും മൃദദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച നടക്കും.
What's Your Reaction?






