ശബരിമലയിലെ സ്വർണക്കൊള്ള: മുരാരി ബാബുവിനെ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തു

പുലർച്ചയോടെ ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു

Oct 23, 2025 - 10:04
Oct 23, 2025 - 10:05
 0
ശബരിമലയിലെ സ്വർണക്കൊള്ള: മുരാരി ബാബുവിനെ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയിലെടുത്തു. പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്.ഐ.ടി. സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പുലർച്ചയോടെ ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നത്. കേസിൽ മുമ്പ് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്.

നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവായിരുന്നു ആരോപണം ഉയർന്നപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥൻ. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബുവെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. ഇദ്ദേഹം കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായാണ് ജോലി ചെയ്തിരുന്നത്.

2019-ൽ മുരാരി ബാബു ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളെ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമച്ചതിൻ്റെ തുടക്കം ഇദ്ദേഹത്തിൻ്റെ കാലത്താണെന്നാണ് റിപ്പോർട്ട്. എന്നാൽ, സ്വർണപ്പാളി വിവാദത്തിലെ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നാണ് മുരാരി ബാബു ആവർത്തിച്ചിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow