കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് കണ്ടെത്തല്‍. ശബരിമല ശ്രീകോവിൽ വാതിലിൻ്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികൾക്ക് മുകളിലെ ശിവരൂപത്തിലെ ഉൾപ്പെടെ ഏഴ് പാളികളിലെയും സ്വർണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കാള്‍ കൂടുതൽ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പണിക്കൂലിയായി സ്വർണമെടുത്തിരുന്നു. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മുന്നില്‍ ഹാജരാക്കി. 109. 243 ഗ്രാം സ്വർണമാണ് എസ്ഐടിക്ക് കൈമാറിയത്. കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ.