മുംബൈ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് വിയോഗ വാർത്ത അറിയിച്ചത്.
സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന്. പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിവാദം ആയിരുന്നു.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതിപുരസ്‌കാരം, പത്മശ്രീ, പദ്മഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങളും മാധവ് ഗാഡ്ഗിൽ നേടിയിട്ടുണ്ട്.