ഉപഭോക്താക്കൾക്ക് ആശ്വാസം; വെളിച്ചെണ്ണ വില താഴേക്ക്, കൊപ്രയ്ക്കും നാളികേരത്തിനും വില കുറഞ്ഞു
ഇന്തോനേഷ്യയിൽ നിന്നുള്ള നാളികേരം വിപണിയിലെത്തിയതും വില നിയന്ത്രിക്കാൻ സഹായിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയിൽ ഗണ്യമായ കുറവ്. ഓണക്കാലത്ത് ലിറ്ററിന് 500 രൂപയ്ക്ക് മുകളിൽ എത്തിയിരുന്ന വെളിച്ചെണ്ണയ്ക്ക് കോഴിക്കോട്ടെ മൊത്തവിപണിയിൽ വെള്ളിയാഴ്ച 334 രൂപയാണ് രേഖപ്പെടുത്തിയത്. വൻതോതിലുള്ള വിളവെടുപ്പും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവുമാണ് വിലയിടിവിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് സജീവമായത് വിപണിയിൽ ലഭ്യത കൂട്ടി.
ഇന്തോനേഷ്യയിൽ നിന്നുള്ള നാളികേരം വിപണിയിലെത്തിയതും വില നിയന്ത്രിക്കാൻ സഹായിച്ചു. നവംബർ മുതൽ വിപണിയിൽ നാളികേരത്തിന്റെ ലഭ്യത കൂടിയതോടെ വിലയിൽ ക്രമാനുഗതമായ ഇടിവ് അനുഭവപ്പെട്ടു. ഡിസംബർ പകുതിയോടെ നാളികേര വില കിലോയ്ക്ക് 52 രൂപ വരെ താഴ്ന്നിരുന്നു.കൊപ്ര വില വരും ദിവസങ്ങളിൽ 150 രൂപ വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഓണക്കാലത്തെ അമിതവില കാരണം പ്രതിസന്ധിയിലായിരുന്ന നാളികേര വ്യാപാര മേഖലയിൽ പുതിയ വിലക്കുറവ് ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ മുതല്‍ വിലയില്‍ ഇടിവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കിലോഗ്രാമിന് 55 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഓണക്കാലത്ത് ഇത് 78 രൂപ വരെയായിരുന്നു. വിപണിയില്‍ നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഡിസംബര്‍ പകുതിയോടെയാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 52 രൂപയായിരുന്നു അന്ന് ഒരു കിലോ തേങ്ങയുടെ വില.
What's Your Reaction?