തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്ദേഭാരത് ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തിൽ കേസെടുത്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് കേസെടുത്തത്. വര്‍ക്കല പോലീസ് പ്രതിയെ ആർപിഎഫിന് കൈമാറി. അതേസമയം റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. ഓട്ടോറിക്ഷ എങ്ങനെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചു എന്നതടക്കം പരിശോധിക്കും.
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം വര്‍ക്കല അകത്ത് മുറിയിൽ വച്ചാണ് അപകടം നടന്നത്. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. കല്ലമ്പലം വെട്ടിയൂർക്കോണം സ്വദേശി സുധിയുടെ ഓട്ടോയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.
ഓട്ടോ ഡ്രൈവര്‍ സുധിയെ (28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് നിഗമനം. കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയിൽ ഇടിച്ചത്. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ട്രെയിനിന്റെ വേഗം കുറച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ വരുന്നതുകണ്ട സുധി ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ വൻ അപകടമാണ് ഒഴിവായത്.